1 CHRONICLE 19
19
അമ്മോന്യരെയും സിറിയാക്കാരെയും തോല്പിക്കുന്നു
(2 ശമൂ. 10:1-19)
1അതിനുശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അയാളുടെ പുത്രൻ പകരം രാജാവായി. 2ദാവീദു പറഞ്ഞു: “നാഹാശ് എന്നോടു കൂറു പുലർത്തിയിരുന്നതുകൊണ്ട് അയാളുടെ പുത്രൻ ഹാനൂനോടു ഞാനും കൂറു പുലർത്തും.” പിതാവിന്റെ മരണത്തിൽ ദുഃഖിക്കുന്ന ഹാനൂനെ ആശ്വസിപ്പിക്കാൻ ദാവീദ് ദൂതന്മാരെ അയച്ചു. അവർ ഹാനൂനെ ആശ്വസിപ്പിക്കാൻ അമ്മോന്യരുടെ നാട്ടിൽ അയാളുടെ അടുക്കൽ എത്തി. 3അമ്മോന്യപ്രഭുക്കന്മാർ ഹാനൂനോടു ചോദിച്ചു: “അങ്ങയെ ആശ്വസിപ്പിക്കാൻ ദാവീദ് ഇവരെ അയച്ചിരിക്കുന്നത് അങ്ങയുടെ പിതാവിനോടുള്ള ബഹുമാനം കൊണ്ടാണെന്നു കരുതുന്നുവോ? ചാരവൃത്തിയിലൂടെ രഹസ്യാന്വേഷണം നടത്തി ഈ ദേശം കീഴടക്കാൻ അല്ലേ അവർ വന്നിരിക്കുന്നത്?”
4അപ്പോൾ ഹാനൂൻ ദാവീദിന്റെ ദൂതന്മാരെ പിടിച്ചു ക്ഷൗരം ചെയ്യിക്കുകയും അരക്കെട്ടു മുതൽ കീഴോട്ടുള്ള അങ്കിയുടെ ഭാഗം മുറിച്ചു കളയുകയും ചെയ്ത് അവരെ പറഞ്ഞയച്ചു. 5അവർക്കു സംഭവിച്ചതറിഞ്ഞ് അവരെ സ്വീകരിക്കാൻ ദാവീദ് ആളയച്ചു. കാരണം അവർ വല്ലാതെ നാണിച്ചിരിക്കുകയായിരുന്നു. “താടി വളരുന്നതുവരെ യെരീഹോവിൽ പാർത്തിട്ട് മടങ്ങിവരണം” എന്ന് രാജാവ് അറിയിച്ചു. 6തങ്ങൾ ദാവീദിന്റെ ശത്രുത സമ്പാദിച്ചു എന്ന് അമ്മോന്യർ മനസ്സിലാക്കി. അപ്പോൾ അവർ മെസൊപ്പൊത്താമ്യയിൽനിന്നും മയഖായോടു ചേർന്ന സിറിയൻപ്രദേശങ്ങളിൽനിന്നും സോബയിൽനിന്നും ആയിരം താലന്തു വെള്ളി കൊടുത്തു രഥങ്ങളും കുതിരപ്പടയാളികളെയും കൂലിക്കെടുത്തു. 7അമ്മോന്യർ കൂലിക്കെടുത്ത മുപ്പത്തീരായിരം രഥങ്ങളും മയഖാരാജാവും അയാളുടെ സൈന്യങ്ങളും മെദേബയ്‍ക്കു മുമ്പിൽ പാളയമടിച്ചു. തങ്ങളുടെ പട്ടണങ്ങളിൽനിന്ന് ഒരുമിച്ച് ചേർക്കപ്പെട്ട അമ്മോന്യരും യുദ്ധത്തിന് അണിനിരന്നു.
8ദാവീദ് ഈ വിവരം കേട്ടപ്പോൾ യോവാബിനെയും ധീരയോദ്ധാക്കൾ അടങ്ങിയ മുഴുവൻ സൈന്യത്തെയും അങ്ങോട്ടയച്ചു. 9അമ്മോന്യർ പുറത്തു വന്നു നഗരവാതില്‌ക്കൽ അണിനിരന്നു. അവരെ സഹായിക്കാൻ വന്ന രാജാക്കന്മാർ വെളിമ്പ്രദേശത്തു നിലയുറപ്പിച്ചു. 10മുമ്പിലും പിമ്പിലും ശത്രുസൈന്യം അണിനിരന്നിരിക്കുന്നതു കണ്ട് യോവാബ് ഇസ്രായേലിലെ ധീരന്മാരായ പടയാളികളിൽനിന്നു കുറെ പേരെ തിരഞ്ഞെടുത്ത് സിറിയാക്കാർക്കെതിരെ അണിനിരത്തി. 11ശേഷിച്ച സൈനികരെ യോവാബ് തന്റെ സഹോദരനായ അബീശായിയുടെ നേതൃത്വത്തിലാക്കി. അവർ അമ്മോന്യർക്കെതിരെ അണിനിരന്നു. 12യോവാബ് പറഞ്ഞു: “സിറിയാക്കാർ എന്നെക്കാൾ ശക്തരാണെന്നു കണ്ടാൽ നീ എന്നെ സഹായിക്കണം; അമ്മോന്യർ നിന്നെക്കാൾ ശക്തരാണെങ്കിൽ ഞാൻ നിന്നെ സഹായിക്കാം. 13ധൈര്യമായിരിക്കുക, നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ നഗരങ്ങൾക്കുംവേണ്ടി നമുക്കു സുധീരം പോരാടാം. സർവേശ്വരന്റെ ഇഷ്ടം നടക്കട്ടെ.”
14പിന്നീട് യോവാബും അനുയായികളും സിറിയാക്കാരുടെ നേരെ പടയ്‍ക്ക് അടുത്തു. അവർ യോവാബിന്റെ മുമ്പിൽനിന്നു തോറ്റോടി. 15സിറിയാക്കാർ പലായനം ചെയ്യുന്നതു കണ്ടപ്പോൾ അമ്മോന്യരും യോവാബിന്റെ സഹോദരനായ അബീശായിയുടെ മുമ്പിൽ നിന്നോടി പട്ടണത്തിൽ കടന്നു. യോവാബ് യെരൂശലേമിലേക്കു മടങ്ങി.
16ഇസ്രായേലിനോടു തങ്ങൾ പരാജയപ്പെട്ടു എന്നു കണ്ടപ്പോൾ സിറിയാക്കാർ ദൂതന്മാരെ അയച്ച് യൂഫ്രട്ടീസ്നദിയുടെ അക്കരെയുള്ള സിറിയാക്കാരെ വരുത്തി. ഹദദേസറിന്റെ സൈന്യാധിപനായ ശോഫക് ആയിരുന്നു അവരുടെ നേതാവ്. 17ഈ വിവരം അറിഞ്ഞ് ദാവീദ് ഇസ്രായേൽജനങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി യോർദ്ദാൻനദി കടന്നു സിറിയാക്കാർക്കെതിരെ അവരെ അണിനിരത്തി അവരോട് ഏറ്റുമുട്ടി. 18അവർ ഇസ്രായേല്യരുടെ മുമ്പിൽനിന്നു തോറ്റോടി. സിറിയാക്കാരുടെ ഏഴായിരം തേരാളികളെയും നാല്പതിനായിരം കാലാൾ പടയാളികളെയും അവരുടെ സൈന്യാധിപൻ ശോഫക്കിനെയും ദാവീദ് വധിച്ചു. 19ഇസ്രായേല്യർ തങ്ങളെ പരാജയപ്പെടുത്തി എന്നു മനസ്സിലാക്കിയ ഹദദേസറിന്റെ ദാസന്മാർ ദാവീദിനോടു സന്ധിചെയ്ത് അദ്ദേഹത്തിനു കീഴടങ്ങി. അതിനുശേഷം സിറിയാക്കാർ അമ്മോന്യരെ സഹായിക്കാൻ തുനിഞ്ഞിട്ടില്ല.
Currently Selected:
1 CHRONICLE 19: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.