1 CHRONICLE 14
14
ദാവീദിന്റെ പ്രവർത്തനങ്ങൾ യെരൂശലേമിൽ
1സോർരാജാവായ ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു; അയാൾ കൊട്ടാരം പണിയുന്നതിനാവശ്യമായ ദേവദാരു മരത്തോടൊപ്പം മരപ്പണിക്കാരെയും കല്പണിക്കാരെയും അയച്ചുകൊടുത്തു. 2ഇസ്രായേലിന്റെ രാജാവായി സർവേശ്വരൻ തന്നെ സ്ഥിരപ്പെടുത്തിയിരിക്കുകയാണെന്നും സ്വജനമായ ഇസ്രായേല്യർ നിമിത്തം തന്റെ രാജത്വം ഉന്നതി പ്രാപിച്ചു എന്നും ദാവീദു മനസ്സിലാക്കി. 3യെരൂശലേമിൽ വന്നതിനുശേഷവും ദാവീദ് ഭാര്യമാരെ സ്വീകരിച്ചു. അദ്ദേഹത്തിനു പിന്നെയും പുത്രീപുത്രന്മാർ ജനിച്ചു. 4യെരൂശലേമിൽവച്ചു ദാവീദിനു ജനിച്ച മക്കൾ ഇവരായിരുന്നു: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ, 5ഇബ്ഹാർ, എലീശുവാ, എൽപേലെത്ത്, നോഗഹ്, 6,7നേഫെഗ്, യാഫീയ, എലീശാമ, ബെല്യാദാ, എലീഫേലെത്ത്.
8ദാവീദ് ഇസ്രായേൽരാജാവായി വാഴിക്കപ്പെട്ടു എന്നു കേട്ടപ്പോൾ ഫെലിസ്ത്യർ അദ്ദേഹത്തെ ആക്രമിക്കാൻ പുറപ്പെട്ടു. ഈ വിവരം അറിഞ്ഞ് ദാവീദും യുദ്ധത്തിനൊരുങ്ങി. 9ഫെലിസ്ത്യർ രെഫായീംതാഴ്‌വര ആക്രമിച്ചു. 10അപ്പോൾ ദാവീദ് സർവേശ്വരനോട് “ഫെലിസ്ത്യരെ ഞാൻ എതിരിടണമോ? അവരെ എന്റെ കൈയിൽ ഏല്പിക്കുമോ?” എന്നു ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “പുറപ്പെടുക, ഫെലിസ്ത്യരെ നിന്റെ കൈയിൽ ഞാൻ ഏല്പിച്ചിരിക്കുന്നു.” 11ദാവീദ് ബാൽ-പെരാസീമിലേക്കു പുറപ്പെട്ടു; അവിടെവച്ച് അവരെ തോല്പിച്ചു. “പെരുവെള്ളപ്പാച്ചിൽ കൊണ്ടെന്നപോലെ സർവേശ്വരൻ എന്റെ മുമ്പിൽ ശത്രുക്കളെ ചിതറിച്ചു” എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ആ സ്ഥലത്തിനു #14:11 ബാൽ പെരാസീം = ചിതറിക്കുന്ന സർവേശ്വരൻ.ബാൽപെരാസീം എന്നു പേരുണ്ടായി. 12ഫെലിസ്ത്യർ തങ്ങളുടെ ദേവവിഗ്രഹങ്ങൾ ഉപേക്ഷിച്ച് ഓടിപ്പോയി. ദാവീദിന്റെ കല്പനയനുസരിച്ച് അവ അഗ്നിക്കിരയാക്കി. 13ഫെലിസ്ത്യർ വീണ്ടും താഴ്‌വര ആക്രമിച്ചു. 14അപ്പോഴും ദാവീദ് സർവേശ്വരന്റെ ഹിതം അന്വേഷിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “നീ അവരെ പിന്തുടരാതെ മറുവഴി ചെന്നു ബാൾസാമരങ്ങളുടെ സമീപത്തുവച്ച് അവരെ ആക്രമിക്കുക. 15പടനീക്കത്തിന്റെ ശബ്ദം ബാൾസാമരത്തലപ്പുകളുടെ മുകളിലൂടെ കേൾക്കുമ്പോൾ അവർക്കെതിരെ പടയ്‍ക്ക് പുറപ്പെടുക. ഫെലിസ്ത്യസൈന്യത്തെ തോല്പിക്കാൻ ഞാൻ നിങ്ങൾക്കു മുമ്പേ പുറപ്പെട്ടിരിക്കുന്നു.” 16ദൈവം കല്പിച്ചതുപോലെ ദാവീദ് പ്രവർത്തിച്ചു. ഗിബെയോൻമുതൽ ഗേസെർവരെ ഫെലിസ്ത്യരെ കൊന്നൊടുക്കി. 17ദാവീദിന്റെ കീർത്തി സകല ദേശങ്ങളിലും പരന്നു. സകല ജനതകളും അദ്ദേഹത്തെ ഭയപ്പെടാൻ സർവേശ്വരൻ ഇടയാക്കി.
Currently Selected:
1 CHRONICLE 14: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.