തേമാന്യനായ എലീഫാസ്, ശൂഹ്യനായ ബിൽദാദ്, നാമാത്യനായ സോഫർ എന്നിങ്ങനെ ഇയ്യോബിന്റെ മൂന്നു സ്നേഹിതന്മാർ അദ്ദേഹത്തിന്റെ ദുരവസ്ഥയെപ്പറ്റി കേട്ടിട്ട് ഓരോരുത്തനും അവരവരുടെ സ്ഥലത്തുനിന്നും പുറപ്പെട്ട് അദ്ദേഹത്തോടു സഹതപിക്കാനും അദ്ദേഹത്തെ സമാശ്വസിപ്പിക്കാനുമായി പരസ്പരം പറഞ്ഞൊത്ത് അദ്ദേഹത്തിന്റെ അടുക്കൽവന്നു. ഇയ്യോബിനെ ദൂരെനിന്നു കണ്ട അവർക്ക് അദ്ദേഹത്തെ തിരിച്ചറിയുന്നതിനു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയ അവർ ഉച്ചത്തിൽ കരഞ്ഞുകൊണ്ട് ഓരോരുത്തനും താന്താങ്ങളുടെ പുറങ്കുപ്പായം വലിച്ചുകീറുകയും തങ്ങളുടെ ശിരസ്സിന്മേൽ പൂഴി വാരിവിതറുകയും ചെയ്തു. അതിനുശേഷം അവർ ഏഴു രാപകൽ അദ്ദേഹത്തോടുകൂടെ നിലത്തിരുന്നു. അദ്ദേഹത്തിന്റെ കഷ്ടതയുടെ പരിതാപകരമായ അവസ്ഥ കണ്ടിട്ട് അവർ ആരും ഒരു വാക്കുപോലും സംസാരിച്ചില്ല.