“സ്വർഗത്തിൽ വസിക്കുന്ന ദൈവമായ സർവേശ്വരാ, അങ്ങയെ സ്നേഹിച്ചു അവിടുത്തെ കല്പനകൾ അനുസരിക്കുന്നവരോട് ഉടമ്പടി പാലിക്കുകയും സുസ്ഥിരസ്നേഹം കാട്ടുകയും ചെയ്യുന്ന ഉന്നതനും ഉഗ്രപ്രഭാവവാനുമായ ദൈവമേ, അവിടുത്തോടു ഞാൻ യാചിക്കുന്നു. അവിടുത്തെ ദാസരായ ഇസ്രായേൽജനത്തിനുവേണ്ടി രാവും പകലും പ്രാർഥിക്കുന്ന ഈ ദാസനെ കടാക്ഷിച്ച് അടിയന്റെ പ്രാർഥന ശ്രവിക്കണമേ. ഇസ്രായേല്യരായ ഞങ്ങൾ അങ്ങേക്ക് എതിരെ ചെയ്ത പാപങ്ങൾ ഏറ്റുപറയുന്നു. ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.