LUKA 18
18
വിധവയും ന്യായാധിപനും
1നിരാശരാകാതെ നിരന്തരം പ്രാർഥിക്കേണ്ടതിന്റെ ആവശ്യകത വിശദമാക്കുന്നതിന് യേശു ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: 2“ദൈവത്തെ ഭയമില്ലാത്തവനും മനുഷ്യരെ വകവയ്‍ക്കാത്തവനുമായ ഒരു ന്യായാധിപൻ ഒരു പട്ടണത്തിലുണ്ടായിരുന്നു. 3ആ പട്ടണത്തിൽത്തന്നെ ഉണ്ടായിരുന്ന ഒരു വിധവ ‘എന്റെ പ്രതിയോഗിക്കെതിരെ ന്യായം നടത്തിത്തരണമേ’ എന്ന് ആ ന്യായാധിപനോടു കൂടെക്കൂടെ അപേക്ഷിച്ചുവന്നിരുന്നു. 4കുറെ നാളത്തേക്ക് ആ ന്യായാധിപൻ കൂട്ടാക്കിയില്ല; ഒടുവിൽ അയാൾ ആത്മഗതം ചെയ്തു: “ഞാൻ ദൈവത്തെ ഭയപ്പെടുകയോ, മനുഷ്യനെ വകവയ്‍ക്കുകയോ ചെയ്യാത്തവനാണെങ്കിലും 5ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ട് ഞാൻ അവൾക്കു ന്യായം നടത്തിക്കൊടുക്കും; അല്ലെങ്കിൽ അവൾ വന്ന് എന്നെ നിരന്തരം അലട്ടിക്കൊണ്ടിരിക്കും.”
6യേശു തുടർന്ന് ഇങ്ങനെ പറഞ്ഞു: ‘നീതികെട്ട ഈ ന്യായാധിപൻ പറയുന്നതു ശ്രദ്ധിക്കുക. 7അങ്ങനെയെങ്കിൽ രാവും പകലും തന്നെ നോക്കി വിളിക്കുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങൾക്കു ദൈവം നീതി നടത്തിക്കൊടുക്കാതിരിക്കുമോ? അവർക്കു നീതി നടത്തിക്കൊടുക്കുന്നതിൽ അവിടുന്നു കാലവിളംബം വരുത്തുമോ? 8അവിടുന്ന് എത്രയും വേഗം അവർക്കു ന്യായം നടത്തിക്കൊടുക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?’
ചുങ്കം പിരിക്കുന്നവനും പരീശനും
9തങ്ങൾ നീതിനിഷ്ഠരാണെന്നു സ്വയം കരുതി മറ്റുള്ളവരെ നിന്ദിക്കുന്ന ചിലരെക്കുറിച്ചും യേശു ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: 10“രണ്ടുപേർ പ്രാർഥിക്കുവാൻ ദേവാലയത്തിലേക്കു പോയി. ഒരാൾ പരീശനും മറ്റെയാൾ ചുങ്കംപിരിക്കുന്നവനും ആയിരുന്നു.
11“പരീശൻ മാറി നിവർന്നു നിന്നുകൊണ്ട് ആത്മഗതമായി ഇങ്ങനെ പ്രാർഥിച്ചു: ‘ദൈവമേ, പിടിച്ചുപറിക്കുന്നവർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായവരെപ്പോലെയോ, ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലാത്തതുകൊണ്ട് അങ്ങയോടു നന്ദിയുള്ളവനാണ്. 12ആഴ്ചയിൽ രണ്ടു തവണ ഞാൻ ഉപവസിക്കുന്നു. എന്റെ എല്ലാ വരുമാനത്തിന്റെയും ദശാംശം ഞാൻ കൊടുക്കുന്നു.’
13“ആ ചുങ്കക്കാരനാകട്ടെ അകലെ നിന്നുകൊണ്ട് സ്വർഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചുകൊണ്ട് ‘ദൈവമേ, ഈ പാപിയോടു കരുണയുണ്ടാകണമേ’ എന്നു പ്രാർഥിച്ചു. 14ഞാൻ നിങ്ങളോടു പറയുന്നു: പരീശനല്ല, ചുങ്കക്കാരനാണ് പാപം മോചിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങിപ്പോയത്. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.”
ശിശുക്കളെ അനുഗ്രഹിക്കുന്നു
(മത്താ. 19:13-15; മർക്കോ. 10:13-16)
15അനുഗ്രഹിക്കുന്നതിനുവേണ്ടി ചിലർ ശിശുക്കളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. ഇതുകണ്ടപ്പോൾ ശിഷ്യന്മാർ അവരെ ശകാരിച്ചു. 16എന്നാൽ ശിശുക്കളെ തന്റെ അടുക്കലേക്കു വിളിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “ശിശുക്കൾ എന്റെ അടുക്കൽ വരുവാൻ അനുവദിക്കുക; അവരെ വിലക്കരുത്; ദൈവരാജ്യം ഇവരെപ്പോലെയുള്ളവരുടേതാണ്. 17ഒരു ശിശു സ്വീകരിക്കുന്നതുപോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്തവൻ ഒരിക്കലും അതിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.”
ഒരു ധനികന്റെ പ്രശ്നം
(മത്താ. 19:16-30; മർക്കോ. 10:17-31)
18ഒരു യെഹൂദനേതാവ് യേശുവിന്റെ അടുക്കൽവന്നു ചോദിച്ചു: “നല്ലവനായ ഗുരോ, നിത്യജീവൻ അവകാശമായി ലഭിക്കേണ്ടതിന് എന്താണു ഞാൻ ചെയ്യേണ്ടത്?”
19യേശു മറുപടി പറഞ്ഞു: “എന്നെ എന്തിനു നല്ലവൻ എന്നു വിളിക്കുന്നു? ദൈവമല്ലാതെ നല്ലവൻ മറ്റാരുമില്ലല്ലോ. 20കല്പനകൾ താങ്കൾക്കറിഞ്ഞുകൂടേ? കൊലപാതകം ചെയ്യരുത്, വ്യഭിചരിക്കരുത്, മോഷ്‍ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, മാതാപിതാക്കളെ ബഹുമാനിക്കുക.”
21അയാൾ പറഞ്ഞു: “ഇവയെല്ലാം ഞാൻ ചെറുപ്പം തൊട്ടേ പാലിക്കുന്നുണ്ട്.”
22അപ്പോൾ യേശു പറഞ്ഞു: “താങ്കൾക്ക് ഇനിയും ഒരു കുറവുണ്ട്; താങ്കൾക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ താങ്കൾക്കു നിക്ഷേപം ഉണ്ടാകും. പിന്നീട് വന്ന് എന്നെ അനുഗമിക്കുക. 23അയാൾ ഒരു വലിയ ധനികനായിരുന്നതുകൊണ്ട് ഇതുകേട്ടപ്പോൾ അത്യന്തം ദുഃഖിതനായി.
24അയാളുടെ ദുഃഖഭാവം കണ്ടിട്ട് യേശു പറഞ്ഞു: “ധനികന്മാർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എത്ര ദുഷ്കരം! 25ധനവാൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിൽക്കൂടി കടക്കുന്നതായിരിക്കും.”
26ഇതു കേട്ടവർ പറഞ്ഞു: “അങ്ങനെയാണെങ്കിൽ രക്ഷപെടുവാൻ ആർക്കു കഴിയും?”
27എന്നാൽ യേശു അരുൾചെയ്തു: “മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സുസാധ്യമത്രേ.”
28അപ്പോൾ പത്രോസ്, “ഞങ്ങൾ സർവസ്വവും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചവരാണല്ലോ” എന്നു പറഞ്ഞു.
29-30യേശു അവരോട്, “ദൈവരാജ്യത്തിനുവേണ്ടി സ്വഭവനത്തെയോ, ഭാര്യയെയോ, സഹോദരന്മാരെയോ, മാതാപിതാക്കളെയോ, മക്കളെയോ പരിത്യജിക്കുന്ന ഏതൊരുവനും ഐഹിക ജീവിതകാലത്തുതന്നെ അനേകമടങ്ങു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല; വരുവാനുള്ള ലോകത്തിൽ നിത്യജീവനും ലഭിക്കും എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു’ എന്നു പറഞ്ഞു.
മരണത്തെക്കുറിച്ചുള്ള സൂചന വീണ്ടും
(മത്താ. 20:17-19; മർക്കോ. 10:32-34)
31യേശു പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ചു മാറ്റിനിർത്തി അവരോട് അരുൾചെയ്തു: “നാം യെരൂശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിട്ടുള്ളതെല്ലാം നിറവേറും. 32അവനെ വിജാതീയർക്ക് ഏല്പിച്ചുകൊടുക്കും. 33അവർ അവനെ പരിഹസിക്കുകയും നിന്ദിക്കുകയും തുപ്പുകയും ചാട്ടവാറുകൊണ്ട് അടിക്കുകയും കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേല്‌ക്കും.”
34പക്ഷേ, ശിഷ്യന്മാർക്ക് ഈ പറഞ്ഞതൊന്നും മനസ്സിലായില്ല. യേശുവിന്റെ വാക്കുകളുടെ പൊരുൾ അവർക്കു അവ്യക്തമായിരുന്നതുകൊണ്ടാണു യേശു പറഞ്ഞതു ഗ്രഹിക്കാഞ്ഞത്.
അന്ധനു കാഴ്ച നല്‌കുന്നു
(മത്താ. 20:29-34; മർക്കോ. 10:46-52)
35യേശു യെരിഹോവിനോടു സമീപിച്ചു. അന്ധനായ ഒരു മനുഷ്യൻ വഴിയരികിൽ ഭിക്ഷയാചിച്ചുകൊണ്ടിരുന്നു. 36ആൾക്കൂട്ടം കടന്നുപോകുന്ന ശബ്ദം കേട്ടപ്പോൾ അതെന്താണെന്ന് അയാൾ അന്വേഷിച്ചു.
37“നസറായനായ യേശു കടന്നുപോകുന്നു” എന്ന് ആളുകൾ പറഞ്ഞു.
38“ദാവീദിന്റെ പുത്രനായ യേശുവേ, ഇയ്യുള്ളവനോടു കരുണയുണ്ടാകണമേ” എന്ന് അയാൾ നിലവിളിച്ചു പറഞ്ഞു.
39“മിണ്ടരുത്” എന്നു പറഞ്ഞ് മുമ്പിൽ പോയവർ അയാളെ ശകാരിച്ചു. അയാളാകട്ടെ കൂടുതൽ ഉച്ചത്തിൽ “ദാവീദിന്റെ പുത്രാ എന്നോടു കനിവുണ്ടാകണമേ” എന്നു പിന്നെയും നിലവിളിച്ചു.
40യേശു അവിടെ നിന്നു; ആ അന്ധനെ അടുത്തു കൊണ്ടുചെല്ലുവാൻ ആജ്ഞാപിച്ചു. 41അയാൾ അടുത്തുചെന്നപ്പോൾ “ഞാനെന്താണു നിനക്കു ചെയ്തുതരേണ്ടത്?” എന്ന് യേശു ചോദിച്ചു.
“നാഥാ, എനിക്കു കാഴ്ച തിരിച്ചുകിട്ടണം” എന്ന് അയാൾ മറുപടി പറഞ്ഞു.
42യേശു അന്ധനോട്, “കാഴ്ചപ്രാപിക്കുക; നിന്റെ വിശ്വാസം നിനക്കു സൗഖ്യം നല്‌കിയിരിക്കുന്നു” എന്നു പറഞ്ഞു.
43തൽക്ഷണം അയാൾക്ക് വീണ്ടും കാഴ്ച ലഭിച്ചു. അയാൾ ദൈവത്തെ സ്തുതിച്ചുകൊണ്ട് യേശുവിനെ അനുഗമിച്ചു. ഈ സംഭവത്തിനു സാക്ഷ്യം വഹിച്ച എല്ലാവരും ദൈവത്തെ പുകഴ്ത്തി.
المحددات الحالية:
LUKA 18: malclBSI
تمييز النص
شارك
نسخ
هل تريد حفظ أبرز أعمالك على جميع أجهزتك؟ قم بالتسجيل أو تسجيل الدخول
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.