JOHANA 4

4
യേശുവും ശമര്യക്കാരിയും
1യേശു യോഹന്നാനെക്കാൾ അധികം ആളുകളെ ശിഷ്യരാക്കുകയും സ്നാപനം നടത്തുകയും ചെയ്യുന്നു എന്നു പരീശന്മാർ കേട്ടു. 2യഥാർഥത്തിൽ യേശുവല്ല അവിടുത്തെ ശിഷ്യന്മാരാണ് സ്നാപനം നടത്തിയത്. 3ഇതറിഞ്ഞപ്പോൾ യേശു യെഹൂദ്യവിട്ട് ഗലീലയിലേക്കു മടങ്ങിപ്പോയി. 4അവിടുത്തേക്കു ശമര്യയിൽ കൂടിയാണ് പോകേണ്ടിയിരുന്നത്.
5അങ്ങനെ യേശു ശമര്യയിലെ സുഖാർ എന്ന പട്ടണത്തിലെത്തി. യാക്കോബ് സ്വപുത്രനായ യോസേഫിനു നല്‌കിയ വയലിനു സമീപത്തായിരുന്നു ഈ പട്ടണം. 6യാക്കോബിന്റെ കിണറും അവിടെയായിരുന്നു. യാത്രാക്ഷീണംകൊണ്ട് യേശു ആ കിണറിന്റെ അരികിലിരുന്നു; അപ്പോൾ ഏതാണ്ടു മധ്യാഹ്ന സമയമായിരുന്നു.
7ഒരു ശമര്യക്കാരി വെള്ളം കോരാൻ അവിടെ ചെന്നു. യേശു ആ സ്‍ത്രീയോട്: “എനിക്കു കുടിക്കാൻ അല്പം വെള്ളം തരിക” എന്നു പറഞ്ഞു. 8ഈ സമയത്ത് ശിഷ്യന്മാർ ഭക്ഷണസാധനങ്ങൾ വാങ്ങാൻ പട്ടണത്തിലേക്കു പോയിരിക്കുകയായിരുന്നു.
9ആ സ്‍ത്രീ യേശുവിനോടു ചോദിച്ചു: “ഒരു യെഹൂദനായ അങ്ങ് ശമര്യക്കാരിയായ എന്നോടു എങ്ങനെ കുടിക്കാൻ ചോദിക്കും?” യെഹൂദന്മാരും ശമര്യക്കാരും തമ്മിൽ യാതൊരു സമ്പർക്കവുമില്ലായിരുന്നു.
10അതിന് യേശു മറുപടി പറഞ്ഞു: “ദൈവത്തിന്റെ ദാനം എന്താണെന്നും നിന്നോടു കുടിക്കാൻ ചോദിക്കുന്നത് ആരാണെന്നും നീ അറിഞ്ഞിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ നിനക്കു ജീവജലം നല്‌കുകയും ചെയ്യുമായിരുന്നു.”
11അപ്പോൾ ആ സ്‍ത്രീ പറഞ്ഞു: “പ്രഭോ, വെള്ളം കോരുവാൻ അങ്ങയുടെ കൈയിൽ പാത്രമില്ലല്ലോ; കിണറാണെങ്കിൽ ആഴമേറിയതാണുതാനും; പിന്നെ എവിടെനിന്നാണ് അങ്ങേക്കു ജീവജലം ലഭിക്കുക? 12നമ്മുടെ പൂർവപിതാവായ യാക്കോബിനെക്കാൾ വലിയവനാണോ അങ്ങ്? അദ്ദേഹമാണ് ഞങ്ങൾക്ക് ഈ കിണർ നല്‌കിയത്. അദ്ദേഹവും സന്താനങ്ങളും അദ്ദേഹത്തിന്റെ മൃഗങ്ങളും ഇതിലെ വെള്ളമാണു കുടിച്ചുപോന്നത്.”
13യേശു പ്രതിവചിച്ചു: “ഈ വെള്ളം കുടിക്കുന്നവനു പിന്നെയും ദാഹിക്കും. ഞാൻ നല്‌കുന്ന വെള്ളം കുടിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല.
14ഞാൻ നല്‌കുന്ന ജലം അവന് അനശ്വരജീവനിലേക്ക് ഉദ്ഗമിക്കുന്ന നീരുറവയായിത്തീരും.”
15സ്‍ത്രീ അവിടുത്തോട്: “പ്രഭോ, ആ ജലം എനിക്കു തന്നാലും. പിന്നീട് എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാൻ ഇവിടംവരെ വരികയും വേണ്ടല്ലോ” എന്നു പറഞ്ഞു.
16അപ്പോൾ യേശു: “നീ പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരൂ” എന്ന് ആജ്ഞാപിച്ചു.
17“എനിക്കു ഭർത്താവില്ല എന്നായിരുന്നു ശമര്യക്കാരിയുടെ മറുപടി. യേശു പറഞ്ഞു: “നിനക്കു ഭർത്താവില്ല എന്നു നീ പറഞ്ഞതു ശരിയാണ്. 18നിനക്ക് അഞ്ചു ഭർത്താക്കന്മാരുണ്ടായിരുന്നു. ഇപ്പോഴുള്ളവൻ യഥാർഥത്തിൽ നിന്റെ ഭർത്താവല്ല. നീ പറഞ്ഞതു സത്യം തന്നെ.”
19അപ്പോൾ ആ സ്‍ത്രീ യേശുവിനോടു പറഞ്ഞു: “പ്രഭോ, അങ്ങ് ഒരു പ്രവാചകനാണെന്നു ഞാൻ മനസ്സിലാക്കുന്നു. 20ഞങ്ങളുടെ പൂർവികന്മാർ ഈ മലയിലാണു ദൈവത്തെ ആരാധിച്ചു വന്നത്; എന്നാൽ ദൈവത്തെ ആരാധിക്കേണ്ട സ്ഥലം യെരൂശലേമിലാണെന്നു യെഹൂദന്മാരായ നിങ്ങൾ പറയുന്നു.”
21യേശു അവളോടു പറഞ്ഞു: “ഞാൻ പറയുന്നതു വിശ്വസിക്കുക; പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ യെരൂശലേമിലോ അല്ലാതാകുന്ന സമയം വരുന്നു. 22ആരെയാണ് ആരാധിക്കുന്നത് എന്ന് ശമര്യരായ നിങ്ങൾ യഥാർഥത്തിൽ അറിയുന്നില്ല; യെഹൂദന്മാരായ ഞങ്ങൾക്കറിയാം, ഞങ്ങൾ ആരെയാണ് ആരാധിക്കുന്നതെന്ന്; 23രക്ഷ യെഹൂദന്മാരിൽനിന്നാണല്ലോ വരുന്നത്. യഥാർഥ ആരാധകർ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു; അല്ല വന്നു കഴിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയാണു പിതാവ് അന്വേഷിക്കുന്നത്.
24“ദൈവം ആത്മാവാകുന്നു; ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.”
25ആ സ്‍ത്രീ യേശുവിനോട്: “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന മിശിഹാ വരുമെന്ന് എനിക്കറിയാം; അവിടുന്നു വരുമ്പോൾ സമസ്തവും ഞങ്ങൾക്ക് ഉപദേശിച്ചുതരും” എന്നു പറഞ്ഞു. 26യേശു ഉത്തരമരുളി: “നിന്നോടു സംസാരിക്കുന്ന ഞാൻ തന്നെയാണു മിശിഹാ.”
27ഈ സന്ദർഭത്തിൽ ശിഷ്യന്മാർ മടങ്ങിയെത്തി. യേശു ഒരു സ്‍ത്രീയോട് സംസാരിക്കുന്നതു കണ്ട് അവർ ആശ്ചര്യപ്പെട്ടു. എങ്കിലും “നിനക്ക് എന്തുവേണം?” എന്ന് ആ സ്‍ത്രീയോടോ, “അവളോടു സംസാരിക്കുന്നത് എന്തിന്?” എന്ന് യേശുവിനോടോ ആരും ചോദിച്ചില്ല.
28പിന്നീട് ആ സ്‍ത്രീ കുടം അവിടെ വച്ചിട്ടു പട്ടണത്തിലേക്കു തിരിച്ചുപോയി അവിടത്തെ ജനങ്ങളോടു പറഞ്ഞു: 29“ഞാൻ ഇന്നുവരെ ചെയ്തിട്ടുള്ളതെല്ലാം എന്നോടു പറഞ്ഞ ആ മനുഷ്യനെ വന്നു കാണുക; അദ്ദേഹം മിശിഹാ ആയിരിക്കുമോ?” 30അവർ പട്ടണത്തിൽനിന്ന് യേശുവിന്റെ അടുക്കലേക്കു ചെന്നു.
31ഇതിനിടയ്‍ക്ക് ശിഷ്യന്മാർ യേശുവിനോട് “ഗുരോ, ഭക്ഷണം കഴിച്ചാലും” എന്ന് അപേക്ഷിച്ചു.
32അവിടുന്ന് അവരോടു പറഞ്ഞു: “നിങ്ങൾക്ക് അജ്ഞാതമായ ആഹാരം എനിക്കുണ്ട്.”
33“വല്ലവരും അവിടുത്തേക്ക് ഭക്ഷണം കൊണ്ടുവന്നു കൊടുത്തു കാണുമോ?” എന്ന് ശിഷ്യന്മാർ അന്യോന്യം ചോദിച്ചു.
34യേശു ഉത്തരം പറഞ്ഞു: “എന്നെ അയച്ചവന്റെ അഭീഷ്ടം നിറവേറ്റുകയും അവിടുന്ന് എന്നെ ഏല്പിച്ച ജോലി പൂർത്തീകരിക്കുകയും ചെയ്യുന്നതാണ് എന്റെ ആഹാരം. 35‘കൊയ്ത്തിന് ഇനിയും നാലുമാസംകൂടിയുണ്ട്’ എന്നല്ലേ നിങ്ങൾ പറയുന്നത്? ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ തലയുയർത്തി നോക്കുക. ഇപ്പോൾത്തന്നെ നിലം വിളഞ്ഞു വെളുത്ത് കൊയ്യാൻ പാകമായിരിക്കുന്നു. 36വിതയ്‍ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ച് ആഹ്ലാദിക്കുവാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങുകയും അവൻ അനശ്വരജീവനുവേണ്ടി വിളവു സംഭരിച്ചു വയ്‍ക്കുകയും ചെയ്യുന്നു. 37‘ഒരുവൻ വിതയ്‍ക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു’ എന്ന ചൊല്ല് ഇക്കാര്യത്തിൽ ഒരു യാഥാർഥ്യമായിത്തീർന്നിരിക്കുന്നു. 38നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്ത വയലിൽനിന്നു കൊയ്യുവാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു. അന്യർ അധ്വാനിച്ചു; അവരുടെ അധ്വാനഫലം നിങ്ങൾ അനുഭവിക്കുന്നു.”
39“ഞാൻ ചെയ്തിട്ടുള്ളതു സകലവും അവിടുന്ന് എന്നോടു പറഞ്ഞു” എന്നുള്ള ശമര്യക്കാരിയുടെ സാക്ഷ്യംമൂലം ആ പട്ടണത്തിലുള്ള പലരും യേശുവിൽ വിശ്വസിച്ചു. 40ശമര്യക്കാർ യേശുവിന്റെ അടുക്കൽ വന്ന് തങ്ങളോടുകൂടി താമസിക്കണമെന്ന് അപേക്ഷിച്ചു. അതനുസരിച്ച് യേശു രണ്ടു ദിവസം അവിടെ പാർത്തു.
41യേശുവിന്റെ പ്രഭാഷണം കേട്ട മറ്റനേകം ആളുകൾ തന്നിൽ വിശ്വസിച്ചു. 42അവർ ആ സ്‍ത്രീയോട്, “നീ പറഞ്ഞതുകൊണ്ടല്ല ഇപ്പോൾ ഞങ്ങൾ വിശ്വസിക്കുന്നത്: പിന്നെയോ ഞങ്ങൾ നേരിട്ട് അവിടുത്തെ വാക്കുകൾ കേട്ടിരിക്കുന്നു. അവിടുന്നു തന്നെയാണ് സാക്ഷാൽ ലോകരക്ഷകൻ എന്നു ഞങ്ങൾ ഇപ്പോൾ അറിയുന്നു” എന്നു പറഞ്ഞു.
ഒരു ഉദ്യോഗസ്ഥന്റെ പുത്രനെ സുഖപ്പെടുത്തുന്നു
43രണ്ടു ദിവസം കഴിഞ്ഞ് യേശു അവിടെനിന്ന് ഗലീലയിലേക്കു പോയി. 44ഒരു പ്രവാചകനും സ്വന്തം നാട്ടിൽ ബഹുമാനിക്കപ്പെടുന്നില്ലെന്ന് യേശുതന്നെ പ്രസ്താവിച്ചിരുന്നു. 45അവിടെയെത്തിയപ്പോൾ ഗലീലക്കാർ യേശുവിനെ സ്വാഗതം ചെയ്തു. അവരും പെസഹാപെരുന്നാളിന് യെരൂശലേമിൽ പോയിരുന്നതുകൊണ്ട് യേശു അവിടെ ചെയ്തതെല്ലാം അവർ കണ്ടിരുന്നു. 46യേശു വീണ്ടും ഗലീലയിലെ കാനായിൽ വന്നു; അവിടെവച്ചായിരുന്നല്ലോ അവിടുന്നു വെള്ളം വീഞ്ഞാക്കിയത്. കഫർന്നഹൂമിൽ ഒരു ഉദ്യോഗസ്ഥന്റെ പുത്രൻ രോഗിയായി കിടന്നിരുന്നു. 47യേശു യെഹൂദ്യയിൽനിന്നു വന്നിട്ടുണ്ടെന്നറിഞ്ഞ് ആ ഉദ്യോഗസ്ഥൻ അവിടുത്തെ അടുക്കലെത്തി, ആസന്നമരണനായി കിടക്കുന്ന പുത്രനെ സുഖപ്പെടുത്തണമെന്നപേക്ഷിച്ചു. 48യേശു അയാളോടു ചോദിച്ചു: “അടയാളങ്ങളും അദ്ഭുതങ്ങളും കാണാതെ നിങ്ങളാരും വിശ്വസിക്കുകയില്ല, അല്ലേ?” 49ആ ഉദ്യോഗസ്ഥൻ യേശുവിനോട് “പ്രഭോ, എന്റെ കുട്ടി മരിക്കുന്നതിനു മുമ്പ് അങ്ങു വരണമേ” എന്നു വീണ്ടും അപേക്ഷിച്ചു. 50“പൊയ്‍ക്കൊള്ളുക; നിങ്ങളുടെ മകന്റെ രോഗം വിട്ടുമാറി ജീവിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞു. യേശുവിന്റെ വാക്കു വിശ്വസിച്ച് ആ ഉദ്യോഗസ്ഥൻ തിരിച്ചുപോയി.
51അയാൾ വീട്ടിലേക്കു മടങ്ങിപ്പോകുമ്പോൾ വഴിയിൽവച്ച് ഭൃത്യന്മാർ വന്നു തന്റെ പുത്രൻ ജീവിച്ചിരിക്കുന്നു എന്നറിയിച്ചു. 52“എപ്പോൾ മുതലാണ് കുട്ടിക്കു സുഖം കണ്ടു തുടങ്ങിയത്?” എന്നയാൾ ചോദിച്ചു. “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനിവിട്ടു” എന്നവർ പറഞ്ഞു. 53“നിങ്ങളുടെ മകന്റെ രോഗം വിട്ടുമാറി ജീവിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞത് ആ സമയത്തു തന്നെ ആയിരുന്നു എന്ന് ആ ഉദ്യോഗസ്ഥനു ബോധ്യമായി. അയാളും കുടുംബം മുഴുവനും യേശുവിൽ വിശ്വസിച്ചു.
54യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നശേഷം യേശു ചെയ്ത രണ്ടാമത്തെ അദ്ഭുതപ്രവൃത്തിയായിരുന്നു ഇത്.

المحددات الحالية:

JOHANA 4: malclBSI

تمييز النص

شارك

نسخ

None

هل تريد حفظ أبرز أعمالك على جميع أجهزتك؟ قم بالتسجيل أو تسجيل الدخول