JOHANA 16

16
1“നിങ്ങൾ ഇടറിവീഴാതിരിക്കുന്നതിനാണ് ഞാൻ ഇവയെല്ലാം നിങ്ങളോടു സംസാരിച്ചത്. 2അവർ നിങ്ങളെ സുനഗോഗുകളിൽനിന്നു പുറന്തള്ളും. നിങ്ങളെ വധിക്കുന്ന ഏതൊരുവനും ദൈവത്തിന് അർപ്പിക്കുന്ന ഒരു പുണ്യകർമം ചെയ്യുന്നു എന്നു കരുതുന്ന സമയം വരുന്നു. 3അവർ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതിനാൽ ഇവയെല്ലാം ചെയ്യും. 4അവർ ഇങ്ങനെ ചെയ്യുന്ന സമയം വരുമ്പോൾ ഞാൻ ഇവയെല്ലാം പറഞ്ഞതാണല്ലോ എന്നു നിങ്ങൾ അനുസ്മരിക്കുന്നതിനുവേണ്ടിയാണ് ഇതു പറയുന്നത്.
പരിശുദ്ധാത്മാവിന്റെ പ്രവർത്തനം
“ഞാൻ നിങ്ങളോടുകൂടി ഉണ്ടായിരുന്നതുകൊണ്ടാണ് ആദ്യംതന്നെ ഇക്കാര്യങ്ങൾ പറയാതിരുന്നത്. 5എന്നാൽ ഇപ്പോൾ ഞാൻ എന്നെ അയച്ചവന്റെ അടുക്കലേക്കു പോകുന്നു. എങ്കിലും ഞാൻ എവിടെ പോകുന്നു എന്ന് നിങ്ങളിലാരും എന്നോടു ചോദിക്കുന്നില്ല. 6ഞാനിവയെല്ലാം നിങ്ങളോടു പറഞ്ഞതിനാൽ നിങ്ങളുടെ ഹൃദയം ദുഃഖംകൊണ്ടു നിറഞ്ഞിരിക്കുന്നു. 7എന്നാൽ സത്യം ഞാൻ പറയട്ടെ, ഞാൻ പോകുന്നതുകൊണ്ട് നിങ്ങൾക്കു പ്രയോജനമുണ്ട്. ഞാൻ പോകുന്നില്ലെങ്കിൽ സഹായകൻ നിങ്ങളുടെ അടുക്കൽ വരുകയില്ല. ഞാൻ പോയാൽ സഹായകനെ നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കും. 8സഹായകൻ വരുമ്പോൾ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും; 9ലോകത്തിലുള്ളവർ എന്നിൽ വിശ്വസിക്കാത്തതുകൊണ്ടു പാപത്തെക്കുറിച്ചും 10ഞാൻ പിതാവിന്റെ അടുക്കലേക്കു പോകുന്നതിനാൽ നിങ്ങൾ ഇനിയും എന്നെ കാണാതിരിക്കുമെന്നതുകൊണ്ടു നീതിയെക്കുറിച്ചും 11ഈ ലോകത്തിന്റെ അധിപതി വിധിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.
12“എനിക്കിനിയും ഒട്ടുവളരെ കാര്യങ്ങൾ നിങ്ങളോടു പറയുവാനുണ്ട്. എന്നാൽ നിങ്ങൾക്ക് ഇപ്പോൾ അവയെല്ലാം വഹിക്കുവാൻ കഴിവില്ല. 13സത്യത്തിന്റെ ആത്മാവു വരുമ്പോൾ അവിടുന്നു നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. അവിടുന്നു സ്വമേധയാ അല്ല സംസാരിക്കുന്നത്. താൻ കേൾക്കുന്നതു സംസാരിക്കുകയും സംഭവിക്കുവാൻ പോകുന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും. 14അവിടുന്ന് എന്നെ മഹത്ത്വപ്പെടുത്തും. എന്തുകൊണ്ടെന്നാൽ എനിക്കു പറയുവാനുള്ളതു ഗ്രഹിച്ച് അവിടുന്നു നിങ്ങളോടു പ്രസ്താവിക്കും; 15പിതാവിനുള്ളതെല്ലാം എനിക്കുള്ളതാകുന്നു. അതുകൊണ്ടാണ് ഞാൻ പറയുവാനുള്ള കാര്യങ്ങൾ ഗ്രഹിച്ച് അവിടുന്നു നിങ്ങളെ അറിയിക്കും എന്നു ഞാൻ പറഞ്ഞത്.
സന്താപവും സന്തോഷവും
16“ഇനി അല്പസമയം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും അല്പസമയം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും.”
17അപ്പോൾ യേശുവിന്റെ ശിഷ്യന്മാരിൽ ചിലർ പരസ്പരം പറഞ്ഞു: “അല്പസമയം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണുകയില്ല, പിന്നെയും അല്പസമയം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും എന്നും എന്റെ പിതാവിന്റെ അടുക്കൽ ഞാൻ പോകുന്നു എന്നും അവിടുന്നു പറഞ്ഞതിന്റെ അർഥമെന്താണ്? 18അല്പസമയം എന്ന് അവിടുന്നു പറഞ്ഞതിന്റെ സാരം എന്തായിരിക്കും? അവിടുന്നു പറയുന്നതിന്റെ അർഥം നമുക്കു മനസ്സിലാകുന്നില്ലല്ലോ!”
19ഇതേപ്പറ്റി തന്നോടു ചോദിക്കുവാൻ അവർ ആഗ്രഹിക്കുന്നു എന്ന് യേശു മനസ്സിലാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇനി അല്പസമയം കഴിഞ്ഞു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും അല്പസമയം കഴിഞ്ഞു നിങ്ങൾ എന്നെ കാണും എന്നു ഞാൻ പറഞ്ഞതിന്റെ അർഥം എന്താണെന്നുള്ളതിനെക്കുറിച്ചാണോ നിങ്ങൾ അന്യോന്യം ചോദിക്കുന്നത്? 20ഞാൻ ഉറപ്പിച്ചു പറയുന്നു; നിങ്ങൾ കരയുകയും വിലപിക്കുകയും ചെയ്യും; ലോകമാകട്ടെ സന്തോഷിക്കും. നിങ്ങൾ ദുഃഖിക്കുമെങ്കിൽ നിങ്ങളുടെ ദുഃഖം ആനന്ദമായി മാറും. 21സ്‍ത്രീക്കു പ്രസവസമയത്തു വേദനയുണ്ട്. എന്നാൽ പ്രസവിച്ചുകഴിയുമ്പോൾ ഒരു മനുഷ്യൻ ലോകത്തിലേക്കു പിറന്നിരിക്കുന്നതുമൂലമുള്ള സന്തോഷത്താൽ പിന്നീട് തന്റെ വേദനയെക്കുറിച്ച് അവൾ ഓർമിക്കുന്നില്ല. 22അതുപോലെ ഇപ്പോൾ നിങ്ങൾക്കു വ്യാകുലതയുണ്ട്; എന്നാൽ ഞാൻ വീണ്ടും നിങ്ങളെ കാണുമ്പോൾ നിങ്ങൾ ആനന്ദിക്കും. ആ ആനന്ദം ആരും നിങ്ങളിൽനിന്ന് എടുത്തുകളയുകയില്ല.
23“ആ ദിവസം വരുമ്പോൾ നിങ്ങൾ ഒന്നും എന്നോടു ചോദിക്കുകയില്ല. നിങ്ങൾ #16:23 ചില കൈയെഴുത്തു പ്രതികളിൽ ‘പിതാവിനോട് എന്റെ നാമത്തിൽ എന്തെങ്കിലും അപേക്ഷിച്ചാൽ അതു നിങ്ങൾക്കു നല്‌കും’ എന്നാണ്. പിതാവിനോട് എന്ത് അപേക്ഷിച്ചാലും അവിടുന്ന് എന്റെ നാമത്തിൽ അതു നിങ്ങൾക്കു നല്‌കും എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. 24ഇതുവരെ നിങ്ങൾ ഒന്നും എന്റെ നാമത്തിൽ അപേക്ഷിച്ചിട്ടില്ല. അപേക്ഷിക്കുക, എന്നാൽ നിങ്ങൾക്കു ലഭിക്കും. അങ്ങനെ നിങ്ങളുടെ ആനന്ദം സമ്പൂർണമാകും.
ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു
25“ആലങ്കാരിക ഭാഷയിലാണ് ഞാൻ ഇവയെല്ലാം നിങ്ങളോടു സംസാരിച്ചത്. എന്നാൽ ഇനിയും ആലങ്കാരികമായിട്ടല്ലാതെ പിതാവിനെക്കുറിച്ച് സ്പഷ്ടമായി നിങ്ങളോടു പ്രസ്താവിക്കുന്ന സമയം വരുന്നു. 26അന്നു നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കും. ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കുമെന്നു പറയുന്നില്ല; 27എന്തെന്നാൽ നിങ്ങളെന്നെ സ്നേഹിക്കുകയും ഞാൻ പിതാവിന്റെ അടുക്കൽനിന്നു വന്നു എന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നതുകൊണ്ട് പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നു. 28ഞാൻ പിതാവിന്റെ സന്നിധിയിൽ നിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നിരിക്കുന്നു. ഇനി ഞാൻ ലോകം വിട്ട് വീണ്ടും പിതാവിന്റെ സന്നിധിയിലേക്കു പോകുകയാണ്.”
29അപ്പോൾ അവിടുത്തെ ശിഷ്യന്മാർ പറഞ്ഞു: “ഇതാ ഇപ്പോൾ ആലങ്കാരികമായിട്ടല്ല, സ്പഷ്ടമായിട്ടാണ് അങ്ങു സംസാരിക്കുന്നത്. 30അവിടുത്തേക്ക് എല്ലാം അറിയാമെന്നും അങ്ങയോട് ആരും ഒന്നും ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോൾ ഞങ്ങൾക്കു ബോധ്യമായി. അങ്ങു ദൈവത്തിന്റെ അടുക്കൽനിന്നു വന്നു എന്നു ഞങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നു.”
31യേശു പ്രതിവചിച്ചു: “ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവെന്നോ? 32എന്നെ ഏകനായി വിട്ടിട്ട് നിങ്ങൾ ഓരോരുത്തനും അവനവന്റെ വഴിക്കു ചിതറി ഓടുന്ന സമയം വരുന്നു; അല്ല വന്നു കഴിഞ്ഞിരിക്കുന്നു. എങ്കിലും ഞാൻ ഏകനല്ല; പിതാവ് എന്റെ കൂടെയുണ്ട്. 33എന്നോടുള്ള ഐക്യത്തിൽ നിങ്ങൾ സമാധാനം കണ്ടെത്തേണ്ടതിനാണ് ഇവയെല്ലാം ഞാൻ നിങ്ങളോടു പറഞ്ഞത്: ലോകത്തിൽ നിങ്ങൾക്കു കഷ്ടതയുണ്ട്; എന്നാൽ നിങ്ങൾ ധൈര്യപ്പെടുക; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.”

المحددات الحالية:

JOHANA 16: malclBSI

تمييز النص

شارك

نسخ

None

هل تريد حفظ أبرز أعمالك على جميع أجهزتك؟ قم بالتسجيل أو تسجيل الدخول