JOHANA 12
12
തൈലം പൂശുന്നു
(മത്താ. 26:6-13; മർക്കോ. 14:3-9)
1പെസഹായ്‍ക്ക് ആറു ദിവസം മുമ്പ് യേശു ബേഥാന്യയിലെത്തി. അവിടെവച്ചായിരുന്നല്ലോ അവിടുന്ന് ലാസറിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചത്. 2അവിടെ തനിക്ക് ഒരു വിരുന്നൊരുക്കി; മാർത്ത അതിഥികളെ പരിചരിച്ചു. യേശുവിനോടൊപ്പം ഭക്ഷണത്തിനിരുന്നവരിൽ ലാസറുമുണ്ടായിരുന്നു. 3വിലയേറിയതും ശുദ്ധവുമായ ഏകദേശം നാനൂറു ഗ്രാം നറുദീൻ തൈലം കൊണ്ടുവന്ന് മറിയം യേശുവിന്റെ പാദങ്ങളിൽ പൂശി, തന്റെ മുടികൊണ്ട് അതു തുടച്ചു. വീടു മുഴുവൻ തൈലത്തിന്റെ സൗരഭ്യംകൊണ്ടു നിറഞ്ഞു. 4എന്നാൽ യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവനും, തന്നെ ഒറ്റിക്കൊടുക്കുവാനിരുന്നവനുമായ യൂദാസ് ഈസ്കര്യോത്ത്, 5“ഈ പരിമളതൈലം മുന്നൂറു ദിനാറിനു വിറ്റ് ആ പണം ദരിദ്രർക്കു കൊടുക്കാമായിരുന്നില്ലേ?” എന്നു ചോദിച്ചു. 6ദരിദ്രരെക്കുറിച്ചുള്ള കരുതൽ കൊണ്ടല്ല അയാൾ ഇങ്ങനെ പറഞ്ഞത്; പിന്നെയോ, കള്ളനായതുകൊണ്ടത്രേ. പണസഞ്ചി അയാളുടെ കൈയിലായിരുന്നതിനാൽ അതിലിടുന്ന പണം അയാൾ എടുത്തുവന്നിരുന്നു.
7യേശു പറഞ്ഞു: “അവളെ ശല്യപ്പെടുത്താതിരിക്കൂ; എന്റെ ശവസംസ്കാരത്തിനുവേണ്ടി അവൾ അതു സൂക്ഷിച്ചിരുന്നതായി കരുതുക. 8ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടിയുണ്ടല്ലോ; ഞാനാകട്ടെ, എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല.”
ലാസറിനെതിരെ ഗൂഢാലോചന
9യേശു അവിടെയുണ്ടെന്നു കേട്ട് യെഹൂദന്മാരുടെ ഒരു വലിയ സമൂഹം അവിടെയെത്തി. യേശുവിനെ ഉദ്ദേശിച്ചു മാത്രമല്ല അവിടുന്നു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസറിനെ കാണുന്നതിനുംകൂടിയാണ് അവർ വന്നത്. 10-11ലാസർ ഹേതുവായി അനേകം യെഹൂദന്മാർ തങ്ങളെ ഉപേക്ഷിച്ച് യേശുവിൽ വിശ്വസിക്കുവാൻ തുടങ്ങിയതിനാൽ ലാസറിനെയും വധിക്കുവാൻ മുഖ്യപുരോഹിതന്മാർ ആലോചിച്ചു.
യെരൂശലേമിലേക്കുള്ള ജൈത്രയാത്ര
(മത്താ. 21:1-11; മർക്കോ. 11:1-11; ലൂക്കോ. 19:28-40)
12പിറ്റേദിവസം യേശു യെരൂശലേമിൽ വരുന്നുണ്ടെന്ന് ഉത്സവത്തിനു വന്ന ജനക്കൂട്ടം അറിഞ്ഞു. 13അവർ ഈത്തപ്പനയുടെ കുരുത്തോലയുമായി അവിടുത്തെ എതിരേല്‌ക്കുവാൻ ചെന്നു.
“ഹോശന്നാ! സർവേശ്വരന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!
ഇസ്രായേലിന്റെ രാജാവ് വാഴ്ത്തപ്പെട്ടവൻ!”
എന്ന് അവർ ജയഘോഷം മുഴക്കിക്കൊണ്ടിരുന്നു.
14യേശു ഒരു കഴുതക്കുട്ടിയെ കണ്ട് അതിന്റെ പുറത്ത് ഉപവിഷ്ടനായി.
15“സീയോൻപുത്രീ, ഭയപ്പെടേണ്ടാ!;
ഇതാ നിന്റെ രാജാവു വരുന്നു
കഴുതക്കുട്ടിയുടെ പുറത്തു കയറി വരുന്നു.”
എന്ന് എഴുതപ്പെട്ടിരിക്കുന്നതുപോലെ തന്നെ.
16യേശുവിന്റെ ശിഷ്യന്മാർക്ക് ആദ്യം ഇതിന്റെ പൊരുൾ മനസ്സിലായില്ല. എന്നാൽ യേശുവിന്റെ മഹത്ത്വീകരണത്തിനു ശേഷം അവിടുത്തെക്കുറിച്ച് ഇപ്രകാരം എഴുതിയിട്ടുള്ളതും ജനങ്ങൾ അവിടുത്തേക്കുവേണ്ടി ചെയ്തതും അവർ അനുസ്മരിച്ചു.
17ലാസറിനെ കല്ലറയിൽനിന്നു വിളിച്ച് മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചപ്പോൾ യേശുവിന്റെ കൂടെയുണ്ടായിരുന്ന ജനക്കൂട്ടം ആ സംഭവത്തിനു സാക്ഷ്യം വഹിച്ചിരുന്നു. 18യേശുവിന്റെ ഈ അടയാളപ്രവൃത്തിയെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടാണ് ജനങ്ങൾ അവിടുത്തെ എതിരേല്‌ക്കുവാൻ ചെന്നത്. 19പരീശന്മാർ ഇതുകണ്ട് അന്യോന്യം പറഞ്ഞു: “നമ്മുടെ പരിശ്രമം ഒന്നും ഫലിക്കുന്നില്ലല്ലോ! നോക്കുക, ലോകം മുഴുവൻ അയാളുടെ പിന്നാലെ പോയിക്കഴിഞ്ഞു.”
ഗ്രീക്കുകാർ യേശുവിനെ അന്വേഷിക്കുന്നു
20ഉത്സവത്തിന് ആരാധിക്കുവാൻ വന്നവരുടെ കൂട്ടത്തിൽ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു. 21അവർ ഗലീലയിലെ ബെത്‍സെയ്ദക്കാരനായ ഫീലിപ്പോസിനെ സമീപിച്ച്, “യേശുവിനെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
22ഫീലിപ്പോസ് ഈ വിവരം അന്ത്രയാസിനെ അറിയിച്ചു. അവർ രണ്ടുപേരുംകൂടി ചെന്ന് യേശുവിനോട് ഇക്കാര്യം പറഞ്ഞു. 23അപ്പോൾ യേശു അരുൾചെയ്തു: “മനുഷ്യപുത്രൻ മഹത്ത്വപ്പെടുന്നതിനുള്ള സമയം ഇതാ വന്നിരിക്കുന്നു. ഞാൻ ഉറപ്പിച്ചുപറയുന്നു: 24കോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് ഒരേ ഒരു മണിയായിത്തന്നെ ഇരിക്കും. എന്നാൽ അത് അഴിയുന്നെങ്കിൽ സമൃദ്ധമായ വിളവു നല്‌കുന്നു. 25തന്റെ ജീവനെ സ്നേഹിക്കുന്നവന് അതു നഷ്ടപ്പെടുന്നു. ഈ ലോകത്തിൽവച്ചു തന്റെ ജീവനെ വെറുക്കുന്നവൻ അനശ്വരജീവനുവേണ്ടി അതു സൂക്ഷിക്കുന്നു. 26എന്നെ സേവിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ എവിടെ ആയിരിക്കുന്നുവോ, അവിടെ ആയിരിക്കും എന്റെ സേവകനും. എന്നെ സേവിക്കുന്നവനെ എന്റെ പിതാവ് ആദരിക്കും.
മരണത്തെപ്പറ്റി യേശു പ്രസ്താവിക്കുന്നു
27“ഇപ്പോൾ എന്റെ മനസ്സ് അസ്വസ്ഥമായിരിക്കുന്നു. ഞാൻ എന്താണു പറയേണ്ടത്? പിതാവേ, ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കണമേ എന്നോ? എന്നാൽ ഈ പ്രതിസന്ധിയിൽക്കൂടി കടക്കുന്നതിനാണല്ലോ ഞാൻ ഈ നാഴികയിലെത്തിയിരിക്കുന്നത്. പിതാവേ, അവിടുത്തെ നാമം മഹത്ത്വപ്പെടുത്തിയാലും.”
28അപ്പോൾ സ്വർഗത്തിൽനിന്ന്, “ഞാൻ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തുകയും ചെയ്യും” എന്ന് ഒരു അശരീരിയുണ്ടായി.
29അടുത്തു നിന്നിരുന്ന ജനസഞ്ചയം ആ ശബ്ദം കേട്ടിട്ട് “ഇടിമുഴങ്ങി” എന്നു പറഞ്ഞു. മറ്റുചിലർ “ഒരു ദൈവദൂതൻ” അദ്ദേഹത്തോടു സംസാരിച്ചതാണ്” എന്നു പറഞ്ഞു.
30അപ്പോൾ യേശു അരുൾചെയ്തു: “ഈ പ്രഖ്യാപനം ഉണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയത്രേ. 31ഈ ലോകത്തിന്റെ ന്യായവിധി ഇപ്പോൾത്തന്നെയാകുന്നു. ലോകത്തിൻറ അധിപതി ഇപ്പോൾ പുറത്തു തള്ളപ്പെടും. 32ഞാൻ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാവരെയും എന്നിലേക്ക് ആകർഷിക്കും. 33തനിക്കു സംഭവിക്കുവാൻ പോകുന്ന മരണം എങ്ങനെയുള്ളതായിരിക്കും എന്നു സൂചിപ്പിക്കുവാനത്രേ യേശു ഇതു പറഞ്ഞത്.
34ജനം യേശുവിനോടു ചോദിച്ചു: “ക്രിസ്തു എന്നേക്കും ജീവിക്കും എന്നാണല്ലോ ധർമശാസ്ത്രത്തിൽനിന്ന് ഞങ്ങൾ ഗ്രഹിച്ചിരിക്കുന്നത്. പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടണമെന്ന് താങ്കൾ പറയുന്നതെങ്ങനെ? ആരാണ് ഈ മനുഷ്യപുത്രൻ?”
35അവിടുന്ന് അരുൾചെയ്തു: “അല്പസമയംകൂടി മാത്രമേ പ്രകാശം നിങ്ങളുടെ മധ്യത്തിലുണ്ടായിരിക്കൂ. അന്ധകാരം നിങ്ങളെ പിടികൂടാതിരിക്കുന്നതിന് പ്രകാശമുള്ളിടത്തോളം സമയം അതിൽ നടന്നുകൊള്ളുക. അന്ധകാരത്തിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്ന് അറിയുന്നില്ല. 36നിങ്ങൾ പ്രകാശത്തിന്റെ മക്കൾ ആകേണ്ടതിന് പ്രകാശമുള്ള ഈ സമയത്ത് അതിൽ വിശ്വസിക്കുക.”
യെഹൂദജനതയുടെ അവിശ്വാസം
37അനന്തരം യേശു അവിടം വിട്ടുപോയി അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാതെ രഹസ്യമായി പാർത്തു. 38അവരുടെ കൺമുമ്പിൽ ഇത്ര വളരെ അടയാളപ്രവൃത്തികൾ ചെയ്തിട്ടും അവർ തന്നിൽ വിശ്വസിച്ചില്ല.
“കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചു?
കർത്താവിന്റെ ഭുജബലം ആർക്കു വെളിപ്പെട്ടിരിക്കുന്നു?”
എന്ന് യെശയ്യാപ്രവാചകൻ പറഞ്ഞത് ഇങ്ങനെ പൂർത്തിയായി.
39അവർക്കു വിശ്വസിക്കുവാൻ കഴിയാതെപോയതിനെപ്പറ്റി വീണ്ടും യെശയ്യാ പറയുന്നത് ഇപ്രകാരമാണ്:
40“ദൈവം അവരുടെ കണ്ണുകൾ അന്ധമാക്കുകയും
മനസ്സ് മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു.
അവർ കണ്ണുകൊണ്ടു കാണുകയോ,
മനസ്സുകൊണ്ടു ഗ്രഹിക്കുകയോ,
എന്നിൽനിന്നു സുഖം പ്രാപിക്കുവാൻ
എന്റെ അടുക്കലേക്കു തിരിയുകയോ
ചെയ്യാതിരിക്കുവാൻതന്നെ” എന്ന്
ദൈവം അരുൾചെയ്യുന്നു
41യെശയ്യാ യേശുവിന്റെ മഹത്ത്വം ദർശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്.
42എന്നിരുന്നാലും പല അധികാരികൾപോലും യേശുവിൽ വിശ്വസിച്ചു. എന്നാൽ സുനഗോഗിൽനിന്ന് പരീശന്മാർ തങ്ങളെ ബഹിഷ്കരിക്കുമെന്നു ഭയന്ന് അവർ പരസ്യമായി അത് ഏറ്റുപറഞ്ഞില്ല. 43ദൈവത്തിൽനിന്നു ലഭിക്കുന്ന പ്രശംസയെക്കാൾ അധികം മനുഷ്യരുടെ പ്രശംസയാണ് അവർ ഇഷ്ടപ്പെട്ടത്.
ന്യായം വിധിക്കുന്ന വചനം
44യേശു ഉച്ചത്തിൽ പ്രഖ്യാപനം ചെയ്തു: “എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ വിശ്വസിക്കുന്നു. 45എന്നെ ദർശിക്കുന്നവൻ എന്നെ അയച്ചവനെ ദർശിക്കുന്നു. 46എന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും അന്ധകാരത്തിൽ വസിക്കാതിരിക്കേണ്ടതിന് ഞാൻ പ്രകാശമായി ലോകത്തിൽ വന്നിരിക്കുന്നു. 47ആരെങ്കിലും എന്റെ വാക്കുകൾ കേട്ട് അനുസരിക്കാതിരുന്നാൽ ഞാൻ അവനെ വിധിക്കുകയില്ല; എന്തെന്നാൽ ഞാൻ വന്നത് ലോകത്തെ വിധിക്കുവാനല്ല, രക്ഷിക്കുവാനത്രേ. 48എന്നെ അനാദരിക്കുകയും എന്റെ വാക്കുകൾ അവഗണിക്കുകയും ചെയ്യുന്നവനെ വിധിക്കുന്ന ഒന്നുണ്ട്. ഞാൻ പറഞ്ഞിട്ടുള്ള വചനം തന്നെ അന്ത്യനാളിൽ അവനെ വിധിക്കും. 49ഞാൻ സ്വമേധയാ ഒന്നും സംസാരിച്ചിട്ടില്ല. എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എന്നെ അയച്ച പിതാവ് എന്നോടു കല്പിച്ചിരിക്കുന്നു. 50അവിടുത്തെ കല്പന അനശ്വരജീവൻതന്നെ എന്നു ഞാൻ അറിയുന്നു. ഞാൻ എന്തു പറയുന്നുവോ അത് എന്റെ പിതാവ് എന്നോട് അരുളിച്ചെയ്തപ്രകാരമാണ് ഞാൻ പറയുന്നത്.”
المحددات الحالية:
JOHANA 12: malclBSI
تمييز النص
شارك
نسخ
هل تريد حفظ أبرز أعمالك على جميع أجهزتك؟ قم بالتسجيل أو تسجيل الدخول
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.