GENESIS 20

20
അബ്രഹാമും അബീമേലെക്കും
1അബ്രഹാം അവിടെനിന്നു നെഗെബുദേശത്തേക്കു പോയി, കാദേശിനും സൂരിനും ഇടയ്‍ക്കു വാസമുറപ്പിച്ചു. 2ഗെരാറിൽ പാർത്തിരുന്നപ്പോൾ, തന്റെ ഭാര്യയായ സാറായെക്കുറിച്ച്: “അവൾ എന്റെ സഹോദരിയാണ്” എന്നായിരുന്നു അബ്രഹാം പറഞ്ഞത്. അതുകൊണ്ട് ഗെരാറിലെ രാജാവായ അബീമേലെക്ക് ആളയച്ച് സാറായെ കൂട്ടിക്കൊണ്ടുപോയി. 3രാത്രിയിൽ ദൈവം അബീമേലെക്കിനു സ്വപ്നത്തിൽ പ്രത്യക്ഷനായി അരുളിച്ചെയ്തു: “നീ കൂട്ടിക്കൊണ്ടുവന്ന ഈ സ്‍ത്രീ നിമിത്തം നീ മരിക്കും. അവൾ മറ്റൊരു പുരുഷന്റെ ഭാര്യയാണ്.” 4അബീമേലെക്ക് അതുവരെ അവളെ പ്രാപിച്ചിരുന്നില്ല; രാജാവു പറഞ്ഞു: “സർവേശ്വരാ, നിർദോഷികളായ ഒരു ജനതയെ അവിടുന്നു സംഹരിക്കുമോ? 5‘ഇവൾ തന്റെ സഹോദരിയാണെന്ന്’ അയാൾ തന്നെയല്ലേ പറഞ്ഞത്? അബ്രഹാം സഹോദരനാണെന്ന് അവളും പറഞ്ഞു. പരമാർഥഹൃദയത്തോടും കറയറ്റ കരങ്ങളോടുംകൂടി ആയിരുന്നു ഞാൻ ഇതു ചെയ്തത്.” 6ദൈവം സ്വപ്നത്തിൽ അരുളിച്ചെയ്തു: “അതേ, നീ പരമാർഥഹൃദയത്തോടുകൂടിയാണ് ഇതു ചെയ്തത് എന്നു ഞാൻ അറിയുന്നു. അതുകൊണ്ടാണ് എനിക്കെതിരായി പാപം ചെയ്യുന്നതിനു നിന്നെ ഞാൻ അനുവദിക്കാതെയിരുന്നത്. അവളെ സ്പർശിക്കാൻ ഞാൻ നിന്നെ അനുവദിച്ചില്ല. 7ഇപ്പോൾ നീ അവളെ അവളുടെ ഭർത്താവിനു തിരിച്ചേല്പിക്കുക; അവൻ ഒരു പ്രവാചകനാണ്; അവൻ നിനക്കുവേണ്ടി പ്രാർഥിക്കും; നീ ജീവനോടിരിക്കുകയും ചെയ്യും. നീ അവളെ തിരികെ ഏല്പിക്കാതെയിരുന്നാൽ നീ മാത്രമല്ല നിനക്കുള്ളവരൊക്കെയും നിശ്ചയമായും മരിക്കും.” 8അബീമേലെക്ക് അതിരാവിലെ ഉണർന്നു. ഭൃത്യന്മാരെയെല്ലാം വിളിച്ചുകൂട്ടി അവരോട് ഈ കാര്യം പറഞ്ഞു. അവരും ആകെ ഭയന്നു. 9അബീമേലെക്ക് അബ്രഹാമിനെ വിളിപ്പിച്ചു പറഞ്ഞു: “നീ എന്താണ് ഞങ്ങളോടു ചെയ്തത്? എന്റെമേലും എന്റെ രാജ്യത്തിന്മേലും മഹാപാപം വരത്തക്കവിധം ഞാൻ എന്തു തെറ്റാണു നിന്നോടു ചെയ്തത്? ഒരിക്കലും ചെയ്തു കൂടാത്തതാണ് നീ എന്നോടു ചെയ്തിരിക്കുന്നത്. 10എന്താണ് നീ ഇങ്ങനെ ചെയ്തത്?” 11അപ്പോൾ അബ്രഹാം പറഞ്ഞു: “ഇവിടെ ദൈവഭയം ഉള്ളവർ ആരുമില്ലെന്നും എന്റെ ഭാര്യ നിമിത്തം അവർ എന്നെ കൊല്ലുമെന്നും വിചാരിച്ചാണ് ഞാൻ അങ്ങനെ ചെയ്തത്. 12മാത്രമല്ല, വാസ്തവത്തിൽ അവൾ എന്റെ സഹോദരിയാണുതാനും; എന്റെ പിതാവിന്റെ മകൾ തന്നെ. എന്റെ അമ്മയുടെ മകളല്ലെന്നു മാത്രം. അവൾ എന്റെ ഭാര്യയായിത്തീർന്നു. 13ദൈവനിയോഗമനുസരിച്ച് ഞാൻ പിതൃഭവനം വിട്ടു സഞ്ചരിച്ചു തുടങ്ങിയപ്പോൾതന്നെ, ‘നീ എന്നോട് ഇപ്രകാരം ദയ കാണിക്കണം; നാം ചെല്ലുന്ന ഓരോ സ്ഥലത്തും ഞാൻ നിന്റെ സഹോദരനാണെന്നു പറയണം’ എന്നു ഞാൻ അവളോടു പറഞ്ഞിരുന്നു.” 14അബീമേലെക്ക് സാറായെ അബ്രഹാമിനു തിരിച്ചേല്പിച്ചു. ആടുമാടുകളെയും ദാസീദാസന്മാരെയും അദ്ദേഹത്തിനു നല്‌കി. അബീമേലെക്ക് പറഞ്ഞു: 15“എന്റെ രാജ്യം മുഴുവൻ നിന്റെ മുമ്പിലുണ്ട്. നിനക്ക് ഇഷ്ടമുള്ളേടത്തു താമസിച്ചുകൊള്ളുക”. 16അദ്ദേഹം സാറായോടു പറഞ്ഞു: “ഞാൻ നിന്റെ സഹോദരന് ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ട്. നീ നിർദോഷിയാണെന്നുള്ളതിനു നിന്റെകൂടെ ഉള്ളവർക്കെല്ലാം അതൊരു തെളിവായിരിക്കും.” 17അതിനുശേഷം അബ്രഹാം ദൈവത്തോടു പ്രാർഥിച്ചു. ദൈവം അബീമേലെക്കിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ദാസിമാരെയും സുഖപ്പെടുത്തി. അങ്ങനെ അവർക്കെല്ലാം സന്താനലബ്ധിയുണ്ടായി. 18അബ്രഹാമിന്റെ ഭാര്യയായ സാറായെപ്രതി അബീമേലെക്കിന്റെ കൊട്ടാരത്തിലുള്ള എല്ലാ സ്‍ത്രീകളെയും സർവേശ്വരൻ വന്ധ്യകളാക്കിയിരുന്നു.

المحددات الحالية:

GENESIS 20: malclBSI

تمييز النص

شارك

نسخ

None

هل تريد حفظ أبرز أعمالك على جميع أجهزتك؟ قم بالتسجيل أو تسجيل الدخول