የYouVersion አርማ
የፍለጋ አዶ

GENESIS 45

45
യോസേഫ് സ്വയം വെളിപ്പെടുത്തുന്നു
1അവിടെ ഉണ്ടായിരുന്നവരുടെ മുമ്പിൽ വികാരം നിയന്ത്രിക്കാൻ യോസേഫിനു കഴിഞ്ഞില്ല. സഹോദരന്മാർ ഒഴികെ മറ്റുള്ളവരെ പുറത്താക്കാൻ അദ്ദേഹം കല്പിച്ചു. അങ്ങനെ യോസേഫ് സഹോദരന്മാർക്കു രഹസ്യമായി സ്വയം വെളിപ്പെടുത്തി. 2അദ്ദേഹം ഉറക്കെ കരഞ്ഞു. ഈജിപ്തുകാർ അതു കേട്ടു. ഫറവോയുടെ കൊട്ടാരംവരെ കരച്ചിലിന്റെ ശബ്ദം എത്തി. 3യോസേഫ് സഹോദരന്മാരോടു പറഞ്ഞു: “ഞാൻ യോസേഫ് ആണ്; എന്റെ പിതാവിനു സുഖം തന്നെയോ?” അതു കേട്ട് ഞെട്ടിപ്പോയ സഹോദരന്മാർക്ക് മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല. 4യോസേഫ് അവരോട് അടുത്തുചെല്ലാൻ പറഞ്ഞു. അവർ അടുത്തുചെന്നപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങൾ അടിമയായി വിറ്റ് ഈജിപ്തിലേക്കയച്ച നിങ്ങളുടെ സഹോദരൻ യോസേഫാണു ഞാൻ. 5നിങ്ങൾ എന്നെ ഇവിടേക്കു വിറ്റതിൽ ദുഃഖിക്കുകയോ സ്വയം കുറ്റപ്പെടുത്തുകയോ വേണ്ടാ. നിങ്ങളുടെ ജീവൻ രക്ഷിക്കാൻവേണ്ടി ദൈവമാണ് എന്നെ മുൻകൂട്ടി ഇവിടേക്കയച്ചത്. 6ക്ഷാമം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടു വർഷമേ ആയിട്ടുള്ളൂ. ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു വർഷം ഇനി വരാനിരിക്കുന്നു. 7നിങ്ങളുടെ സന്തതി ഭൂമിയിൽ അവശേഷിക്കാനും നിങ്ങൾക്ക് അദ്ഭുതകരമായ രക്ഷ നല്‌കാനുമായി ദൈവമാണ് എന്നെ ഇങ്ങോട്ടയച്ചത്. 8അതുകൊണ്ട് യഥാർഥത്തിൽ നിങ്ങളല്ല ദൈവമാണ് എന്നെ ഇവിടേക്കയച്ചത്. അവിടുന്നെന്നെ ഫറവോയ്‍ക്ക് പിതാവും അദ്ദേഹത്തിന്റെ ഗൃഹത്തിനു നാഥനും ഈജിപ്തുദേശത്തിന് അധിപതിയും ആക്കിയിരിക്കുന്നു. 9നിങ്ങൾ വേഗം മടങ്ങിച്ചെന്ന് അങ്ങയുടെ പുത്രനായ യോസേഫ് ഇപ്രകാരം പറയുന്നുവെന്ന് അറിയിക്കുക: ദൈവം എന്നെ ഈജിപ്തിന്റെ മുഴുവൻ അധിപതിയാക്കിയിരിക്കുന്നു; എത്രയും വേഗം അപ്പൻ എന്റെ അടുക്കൽ എത്തണം. 10അപ്പനും മക്കളും കൊച്ചുമക്കളും അങ്ങയുടെ ആടുമാടുകളും മറ്റെല്ലാ സമ്പാദ്യങ്ങളുമായി എന്റെ അടുത്തുതന്നെയുള്ള ഗോശെൻ ദേശത്തു വന്നു പാർക്കണം. 11ക്ഷാമം ഇനിയും അഞ്ചു വർഷംകൂടി നീണ്ടുനില്‌ക്കും. എന്നാൽ അങ്ങയെയും കുടുംബത്തിലുള്ള എല്ലാവരെയും അങ്ങേക്കുള്ള എല്ലാറ്റിനെയും ക്ഷാമം ബാധിക്കാതെ ഞാൻ സംരക്ഷിച്ചുകൊള്ളാം. 12ഞാൻ തന്നെയാണു നിങ്ങളോടു സംസാരിക്കുന്നതെന്നു നിങ്ങൾക്കും എന്റെ അനുജൻ ബെന്യാമീനും ബോധ്യമായല്ലോ. 13ഈജിപ്തിൽ എനിക്കുള്ള പ്രതാപവും നിങ്ങൾ കണ്ട മറ്റു കാര്യങ്ങളും എന്റെ പിതാവിനോടു പറയണം. അദ്ദേഹത്തെ ഉടൻതന്നെ ഇവിടെ കൂട്ടിക്കൊണ്ടു വരികയും വേണം.” 14യോസേഫ് ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ബെന്യാമീൻ യോസേഫിന്റെ തോളിൽ തല ചായിച്ചു കരഞ്ഞു. 15സഹോദരന്മാരെയെല്ലാം യോസേഫ് ചുംബിച്ചു കരഞ്ഞു. പിന്നീട് അവർ അദ്ദേഹത്തോടു സംസാരിക്കാൻ തുടങ്ങി.
16യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്ന വാർത്ത ഫറവോയുടെ കൊട്ടാരത്തിൽ അറിഞ്ഞു. ഫറവോയും സേവകന്മാരും സന്തോഷിച്ചു. 17ഫറവോ യോസേഫിനോടു പറഞ്ഞു: “നിന്റെ സഹോദരന്മാരോട് അവർ മൃഗങ്ങളുടെ പുറത്ത് ധാന്യവുമായി കനാൻദേശത്തേക്കു പോകാൻ പറയുക. 18പിന്നെ അവർ പിതാവിനെയും കുടുംബാംഗങ്ങളെയും കൂട്ടി നിന്റെ അടുക്കൽ മടങ്ങിവരട്ടെ. ഈജിപ്തിലുള്ള ഏറ്റവും നല്ല പ്രദേശം ഞാൻ അവർക്കു നല്‌കും. സമ്പൽസമൃദ്ധിയോടുകൂടി അവർക്ക് ഇവിടെ കഴിയാം. 19കുഞ്ഞുങ്ങളെയും ഭാര്യമാരെയും പിതാവിനോടൊപ്പം കൂട്ടിക്കൊണ്ടു വരാൻ ഈജിപ്തിൽനിന്നു വാഹനങ്ങൾ കൊണ്ടുപൊയ്‍ക്കൊള്ളാൻ അവരോടു കല്പിക്കുക. 20അവിടെയുള്ള സമ്പത്തിനെപ്പറ്റി വ്യാകുലപ്പെടേണ്ടാ. ഈജിപ്തിലെ ഏറ്റവും മെച്ചമായതെല്ലാം അവരുടേതായിരിക്കും.” 21യാക്കോബിന്റെ പുത്രന്മാർ അതുപോലെതന്നെ ചെയ്തു. രാജാവു കല്പിച്ചതുപോലെ വാഹനങ്ങളും യാത്രയ്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങളും യോസേഫ് അവർക്കു കൊടുത്തു. 22അവരിൽ ഓരോരുത്തനും വിശേഷവസ്ത്രങ്ങൾ നല്‌കി. ബെന്യാമീനുമാത്രം മുന്നൂറു വെള്ളിനാണയവും അഞ്ച് വിശേഷവസ്ത്രങ്ങളും കൊടുത്തു. 23പത്തു കഴുതകളുടെ പുറത്തു ഈജിപ്തിലെ വിശിഷ്ടവസ്തുക്കളും പത്തു പെൺകഴുതകളുടെപുറത്തു ധാന്യവും അപ്പവും യാത്രയ്‍ക്കുവേണ്ട വകയും യോസേഫ് പിതാവിന് കൊടുത്തയച്ചു. 24അങ്ങനെ അദ്ദേഹം അവരെ യാത്രയാക്കി. വഴിയിൽവച്ചു കലഹിക്കരുതെന്ന് ഒരു താക്കീതും നല്‌കി. 25ഈജിപ്തിൽനിന്നു പുറപ്പെട്ട് അവർ കനാനിൽ പിതാവിന്റെ അടുക്കലെത്തി. 26യോസേഫ് ജീവിച്ചിരിക്കുന്നുവെന്നും അവനാണ് ഈജിപ്തിലെ സർവാധിപതിയെന്നും പറഞ്ഞു. അതുകേട്ട് യാക്കോബ് അദ്ഭുതസ്തബ്ധനായിത്തീർന്നു. അവർ പറഞ്ഞതു വിശ്വസിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. 27എന്നാൽ യോസേഫിന്റെ വാക്കുകൾ അദ്ദേഹത്തോടു പറയുകയും യാത്രയ്‍ക്കുവേണ്ടി യോസേഫ് അയച്ച വാഹനങ്ങൾ കാണുകയും ചെയ്തപ്പോൾ യാക്കോബ് ഉന്മേഷവാനായി. 28യാക്കോബ് പറഞ്ഞു: “എനിക്കതു കേട്ടാൽ മതി; എന്റെ മകൻ യോസേഫ് ജീവിച്ചിരിക്കുന്നുവല്ലോ. ഞാൻ മരിക്കുന്നതിനുമുമ്പു അവനെ ചെന്നു കാണും.”

Currently Selected:

GENESIS 45: malclBSI

ማድመቅ

Share

Copy

None

ያደመቋቸው ምንባቦች በሁሉም መሣሪያዎችዎ ላይ እንዲቀመጡ ይፈልጋሉ? ይመዝገቡ ወይም ይግቡ